Kerala
കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ ബിഗ്ബോസ് റിയാലിറ്റി ഷോ താരവും യൂട്യൂബറുമായ ബ്ലെസ്ലി അറസ്റ്റില്‍.
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറന്‍സിയാക്കി വിദേശത്ത് എത്തിച്ച കേസിലാണ് പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ബ്ലെസ്ലിയെ പിടികൂടിയത്.
കാക്കൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് പരാതിയിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിൽ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്ത മറ്റ് രണ്ട് പേര് ജയിലില്‍ കഴിയുകയാണ്.
കേസില്‍ നിരവധി പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കേസിലെ പ്രതികളായ എട്ട് പേര് വിദേശത്തേക്ക് കടന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജൂണിലാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. വലിയ തട്ടിപ്പാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കോടഞ്ചേരി, താമരശേരി പരിധിയിലും സമാന തട്ടിപ്പ് കേസുകള്‍ നടന്നിട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത ബ്ലെസ്ലിയെ കോടതിയില്‍ ഹാജരാക്കി റിമാര്‍ഡ് ചെയ്തു.
Kerala
ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ കോഴിക്കോട് സ്വദേശിയായ ഒരാൾ കൂടി റിമാൻഡിൽ.
പരാതിക്കാരനിൽ നിന്ന് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുവാങ്ങി ചെക്ക് വഴി പിൻവലിച്ച കോഴിക്കോട് കൂടത്തായി സ്വദേശി യദുകൃഷ്ണനെയാണ് (26) ആലപ്പുഴ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
തട്ടിപ്പുകാർ പരാതിക്കാരനെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് സ്വകാര്യ ഷെയർ ട്രേഡിംഗ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി വ്യാജ ഷെയർ ട്രേഡിംഗ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. തുടർന്ന് ആപ്ലിക്കേഷന്റെ ഉപയോഗത്തെക്കുറിച്ചും ട്രേഡിംഗി നെക്കുറിച്ചും സ്ക്രീൻ ഷോട്ടുകൾ മുഖേന പഠിപ്പിച്ച് വിശ്വാസം നേടിയെടുത്തു.
ഈ വ്യാജ ആപ്പിലൂടെ പ്രതികൾ നിര്‍ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരനിൽ നിന്ന് രണ്ടു മാസത്തിനിടയിൽ 16.6 ലക്ഷം രൂപയാണ് അയച്ചു വാങ്ങിയത്.
Kerala
കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ എറണാകുളം സ്വദേശിയില്‍നിന്ന് 25 കോടി രൂപ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതികളില്‍ ഒരാളെന്ന് സംശയിക്കുന്ന ഹൈദരാബാദ് സ്വദേശിക്കായി അന്വേഷണം ഉര്‍ജിതം. ഇയാളെ കണ്ടെത്തുന്നതിനായി കൊച്ചി സിറ്റി പോലീസിലെ മൂന്നംഗ അന്വേഷക സംഘം ഹൈദരാബാദില്‍ തെരച്ചില്‍ നടത്തി വരികയാണ്.
ഹൈദരാബാദ് പോലീസിന്റെ കൂടി സഹായത്തോടെയാണ് തെരച്ചില്‍. തട്ടിയെടുത്ത തുകയില്‍ നിന്ന് 12 കോടി രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ കോഴിക്കോടുകാരായ പ്രതികള്‍ കൈവശം വച്ചിരുന്ന വാടക അക്കൗണ്ടുകളില്‍ ചിലത് നേരത്തെ കൈകാര്യം ചെയ്തിരുന്നത് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘമാണെന്നും അന്വേഷണ സംഘം കണ്ടെത്തുകയുണ്ടായി.
ഈ വാടക അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്നതില്‍ പ്രധാനിയാണ് ഹൈദരാബാദ് സ്വദേശിയെന്നാണ് സൂചന. കഴിഞ്ഞ 29നാണ് മൂന്നംഗ സംഘം ഹൈദരാബാദ് കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പുറപ്പെട്ടത്. കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ സാന്നിധ്യം കൊച്ചി സിറ്റി സൈബര്‍ പോലീസ് സംശയിച്ചിരുന്നു.
മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുന്നു
പിടിയിലായ മൂന്ന് പ്രതികള്‍ ഹൈദരബാദിലുള്ള സംഘവുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷക സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ പരിശോധന പുരോഗമിക്കുകയാണ്. ഇവര്‍ കൈകാര്യം ചെയ്ത ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ പരിശോധനയും പുരോഗമിക്കുന്നു.
പ്രധാന പ്രതികളായ കോഴിക്കോട് സ്വദേശികളായ പി.കെ. റഹീസ് (39), വി. അന്‍സാര്‍ (39), സി.കെ. അനീസ് റഹ്മാന് (25) എന്നിവര്‍ റിമാന്‍ഡിലാണ്. ഹൈദരാബാദ് സ്വദേശിയെ കസ്റ്റഡിയിലെടുത്ത ശേഷം മൂന്നു പ്രതികളുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും.
പ്രതികളുടെ വിദേശ ബന്ധത്തെക്കുറിച്ചും വിശദ അന്വേഷണം നടക്കുന്നുണ്ട്. ഇവര്‍ ഗള്‍ഫ് രാജ്യങ്ങില്‍ എത്തിയതായാണ് സൂചന. പ്രതികളുടെ യാത്രാവിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. തട്ടിയെടുത്ത പണം ക്രിപ്റ്റോ കറന്‍സിയാക്കി മാറ്റി വിദേശരാജ്യങ്ങളില്‍ എത്തി പിന്‍വലിച്ചതായാണ് സംശയിക്കുന്നത്. ‘ക്യാപ്പിറ്റലിക്സ്' എന്ന വെബ്സൈറ്റ് വഴി ട്രേഡിംഗ് നടത്തി ഉയര്‍ന്നലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് 90 തവണകളായി 25 കോടി രൂപയാണ് സംഘം എറണാകുളം സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത്.
District News
ആലുവ: രാജ്യത്തെ നിരവധി ഓൺലൈൻ തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയ പശ്ചിമ ബംഗാൾ സ്വദേശിയായ കെ. അജയ് (25) ആലുവ സൈബർ പോലീസിന്റെ പിടിയിലായി. തായിക്കാട്ടുകര കമ്പനിപ്പടിയിലെ ഒരു ലോഡ്ജിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ബംഗാളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുള്ളതിനാൽ കോൽക്കത്ത പൊലീസിന് പ്രതിയെ കൈമാറും.
ഇയാളിൽനിന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആധാർ കാർഡുകൾ കണ്ടെത്തി. കർണാടക, സിക്കിം, ആന്ധ്രപ്രദേശ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിലും ഓൺലൈൻ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് സൂചന.
District News
ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ ഇരട്ടിത്തുക ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കണ്ണൂരിലെ ഒരു ഡോക്ടർക്ക് 4.43 കോടി രൂപ നഷ്ടമായി. സൈബർ പൊലീസിന് അടുത്തിടെ ലഭിച്ച ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് പരാതിയാണിത്. മട്ടന്നൂർ സ്വദേശിയായ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്.
വാട്സാപ്പ് വഴി ലഭിച്ച സന്ദേശത്തിലൂടെയാണ് ഡോക്ടർ വ്യാജ ഷെയർ ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ നിക്ഷേപം നടത്തിയത്. വൻ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ ഡോക്ടറെ പ്രേരിപ്പിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ചെറിയ തുകകൾക്ക് ലാഭം ലഭിച്ചതോടെ ഡോക്ടർ കൂടുതൽ തുക നിക്ഷേപിക്കുകയായിരുന്നു.
തുടർന്ന് തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാങ്കേതിക പ്രശ്നങ്ങളും മറ്റ് തടസ്സങ്ങളും പറഞ്ഞ് തട്ടിപ്പുകാർ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെയാണ് ഡോക്ടർക്ക് താൻ തട്ടിപ്പിന് ഇരയായെന്ന് മനസ്സിലായത്. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.